കോട്ടയം: റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ഒരു കിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് വ്യാഴാഴ്ച മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു.
വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും കോട്ടയത്ത് 250 രൂപക്കുവരെ വ്യാപാരം നടന്നു. ഷീറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഉയർന്ന വില നൽകി ചെരുപ്പ് കമ്പനികളടക്കം റബർ വാങ്ങുകയായിരുന്നു. ഒട്ടുപാല് വിലയും കുതിക്കുകയാണ്. കിലോക്ക് 158 രൂപ വരെയാണ് കര്‍ഷകർക്ക് ലഭിക്കുന്നത്. എന്നാല്‍, ലാറ്റക്സ് വില ഇടിഞ്ഞു. വ്യാഴാഴ്ച രണ്ടുരൂപ കുറഞ്ഞ് 243 രൂപയായി.