തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാണ് സതീശൻ്റെ പ്രതികരണം. വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നമായത്.
വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്പ് കാലാവസ്ഥ മാറ്റങ്ങളെ കുറച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കാലാവസ്ഥ മാറ്റങ്ങൾ മുമ്പിൽ കണ്ടാണ് കെ റെയിലിനോട് നോ പറഞ്ഞത്. തീരദേശ ഹൈവേ വേണ്ട എന്നും പറഞ്ഞത്. പ്രധാനഘട്ടത്തിലേക്ക് പോകുകയാണ്. പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ സർക്കാർ മുമ്പാകെ സമർപ്പിക്കും. യുഡിഎഫ് പൂർണ്ണമായും സഹകരിക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിൽ അപൂർണ്ണമായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള തീരുമാനം കോൺഗ്രസ് ഒന്നിച്ചെടുത്തതാണെന്നും വിഡി സതീശൻ പറഞ്ഞു.