വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം, ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ, സ്പോൺസർ ചെയ്ത സ്ഥലത്ത് പോകുന്നവർ, സർക്കാർ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ 4 രീതിയിൽ താത്കാലിക പുനരധിവാസം നടത്താനാണ് തീരുമാനം. ക്യാമ്പിൽ ഉള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമേ ദുരിത ബാധിതരേ മാറ്റൂവെന്നും മന്ത്രി വ്യക്തമാക്കി.