പേരിയ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ പരിസ്ഥിതി ലോല വില്ലേജുകളെ സംബന്ധിച്ചുള്ള പട്ടികയിൽ പേരിയ വില്ലേജും ഉൾപ്പെട്ട സാഹചര്യത്തിൽ, ജനവാസ മേഖലയെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികളെയും, പ്രദേശത്തെ പൊതുപ്രവർത്തകരുടെയും, മറ്റ് സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി യോഗം ചേർന്നു. തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പാറക്കൽ അധ്യക്ഷത വഹിച്ചു.
പൂർണമായും ജനവാസ മേഖലകളെ പരിസ്ഥിതിലോലപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർനടപടികൾ ആലോചിക്കുന്നതിനായിഇന്ന് പഞ്ചായത്തിൽ സർവകക്ഷി യോഗവും, തുടർന്ന് പഞ്ചായത്തിൽ ഭരണസമിതി യോഗവും, അതേ തുടർന്ന് ഗ്രാമസഭകളും വിളിച്ച് ചേർക്കണമെന്നും തീരുമാനിച്ചു.ഇതേ തുടർന്നുള്ള പരാതികളും, ആശങ്കകളും വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുമെന്നും യോഗംതീരുമാനിച്ചു. സമാന പ്രതിസന്ധി നേരിടുന്ന ജില്ലയിലെ മറ്റു വില്ലേജുകളിലെയും, ജനപ്രതിനിധികളുമായും, പൊതുപ്രവർത്തകരുമായും കൂടി ആലോചിച്ചു ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തിൽ തീരുമാനിച്ചു.
കമ്മിറ്റി ഭാരവാഹികളായി ജോസ് പാറക്കൽ (ചെയർമാൻ), ബെന്നി ആൻ്റണി (കൺവീനർ), ജെയിംസ് അടപ്പൂർ, റഫീഖ് കൈപ്പാണി (വൈസ് ചെയർമാൻമാർ ), പ്രേംജിത് സി.ടി, നിയാസ് അയിനിക്കാടൻ (ജോ:കൺവീനർമാർ ), ബാബു ഷജിൽ കുമാർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.