മേപ്പാടി:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഇന്ന് ബുധനാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. നിലമ്പൂര്‍ വയനാട് മേഖലകളില്‍ പതിവ് പോലെ തെരച്ചില്‍ ഊര്‍ജ്ജിതമായിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 231 മൃതദേഹങ്ങളും 210 ശരീരഭാഗങ്ങളുമാണ് ഇതിനകം കണ്ടെത്തിയത്.
മുണ്ടക്കൈ ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 26 ടീമുകളിലായി 191 സന്നദ്ധ പ്രവര്‍ത്തകരാണ് ബുധനാഴ്ച സേനാവിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്. ചൂരല്‍മല പാലത്തിന് താഴെ ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും നിരന്തര പരിശോധന നടത്തിയിരുന്നു.
മലപ്പുറം ജില്ലയില്‍ ചാലിയാറില്‍ വിശദമായ തെരച്ചില്‍ ബുധനാഴ്ചയും തുടര്‍ന്നു. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പരിശോധനകള്‍ നടന്നത്. എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നല്‍കിയത്.തെരച്ചില്‍ നാളെയും തുടരും