കൽപറ്റ: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ ഭൂവിനിയോഗ നിർമാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ശക്തമാക്കും. മുണ്ടക്കൈ , ചൂരൽമല മേഖലയിൽ പഠനത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഈ കാര്യത്തിൽ സർക്കാരിനു പ്രായോഗിക ശുപാർശകൾ നൽകും.
ചൂരൽമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്ത സാധ്യത കൂടിയ മറ്റു സ്ഥലങ്ങളിലും ഭൂവിയോഗം എങ്ങനെ വേണമെന്നു സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാവും സർക്കാർ ഇനി തീരുമാനമെടുക്കുക. ചെരിവു നിയന്ത്രണം കൂടുതലുള്ള സ്ഥലങ്ങളിൽ കാർഷിക പ്രവൃത്തികളിലും വന്നേയ്ക്കും.ഉരുൾ ഒലിച്ചെത്തി നാശനഷ്ടമുണ്ടായ ഭാഗങ്ങളിൽ പൂർണമായും നശിക്കാത്ത വീടുകൾ പുനർ നിർമിക്കണമെങ്കിലും വിശദ പഠനം പൂർത്തിയായി സർക്കാർ തീരുമാനം ഉണ്ടാവണം.
പുഞ്ചിരിമറ്റം ആവാസയോഗ്യമല്ലെന്നാണു വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകളുള്ള പുഴയോടു ചേർന്നുള്ള ഭാഗം അപകട സാധ്യത കൂടുതലാണ്. സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷമേ ഈ മേഖലയിൽ ഇനി ജനവാസം സാധ്യമാണോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ചൂരൽമലയിലും മുണ്ടക്കൈയിലും ഏതൊക്കെ സ്ഥലങ്ങളിൽ ഇനിയും സുരക്ഷിതമായി താമസിക്കാം എന്നതും റിപ്പോർട്ടിലുണ്ടാകും. അതിനിടെ പുഞ്ചിരിമറ്റത്തോട് ചേർന്നുള്ള വനാതിർത്തി പ്രദേശങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ വനം വകുപ്പിലും ഉയരുന്നുണ്ട്.