ഉരുൾപൊട്ടിയത്‌ ഒരുതവണ ; അണക്കെട്ടുകൾ രൂപപ്പെ‍ട്ടു , പലതവണ പൊട്ടി , കാരണം അതിശക്തമഴ

കൽപ്പറ്റ:വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്‌ ഒരുതവണ മാത്രമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ നിഗമനം. വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച്‌ അണക്കെട്ടുകൾ (ഡാമുകൾ)പോലെ രൂപപ്പെട്ടു. അത്‌ പലതവണ പൊട്ടിയതാണ്‌ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്‌ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ചെയർമാൻ ജോൺ മത്തായി പറഞ്ഞു.

 

അഞ്ചംഗസംഘം പരിശോധന പൂർത്തിയാക്കി വെള്ളിയാഴ്‌ച  മടങ്ങി.  അടുത്ത ആഴ്‌ച അവസാനത്തോടെ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിക്കും. അതിനുമുമ്പ്‌ ഒരുതവണകൂടി ദുരന്തസ്ഥലത്ത്‌ എത്തിയേക്കും. ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തിലെ വിരമിച്ച ശാസ്‌ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം  മൂന്നുദിവസം മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല ഭാഗങ്ങൾ പരിശോധിച്ചു.  മണ്ണിന്റെയും പാറകളുടെയും സാമ്പിൾ ശേഖരിച്ചു.

 

ഉരുൾപൊട്ടലിൽ 30 മീറ്ററോളം ഉയരത്തിൽ വെള്ളം കുത്തിയൊലിച്ചതായാണ്‌ വിലയിരുത്തൽ. വനമേഖലയിലാണ്‌ ഉരുൾപൊട്ടിയത്‌. വൻമരങ്ങൾ കടപുഴകി ഒഴുകിയെത്തി. ഈ മരങ്ങളും പാറയും പുഴയുടെ വീതികുറഞ്ഞ ഭാഗങ്ങളിൽ അടിഞ്ഞ്‌ വെള്ളമുയർന്ന്‌   അണക്കെട്ടുകൾപോലെ രൂപപ്പെട്ടു. രണ്ടോ,  മൂന്നോ അണക്കെട്ടുകളുണ്ടായി ശക്തിയോടെ  പൊട്ടിയൊഴുകി. ഇതാണ്‌ പലതവണയുള്ള ഉരുൾപൊട്ടലായി പ്രദേശവാസികൾ പറയുന്നത്‌.  ഏഴ്‌–-എട്ട്‌ കിലോമീറ്റർവരെ മണ്ണും മരങ്ങളും കല്ലും കുത്തിയൊലിച്ചു.  പ്രഭവകേന്ദ്രത്തിൽ ഒരുതവണയേ മണ്ണിടിച്ചിലുണ്ടായിട്ടുള്ളൂവെന്ന്‌ ഡോ. ജോൺ മത്തായി പറഞ്ഞു.

 

അതിശക്തമഴയാണ്‌ ഉരുൾപൊട്ടലിന്‌ പ്രധാന കാരണം. രണ്ടുദിവസം 570 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്‌തു. ചെറുപ്രദേശത്ത്‌ പരിധിയിലധികം വെള്ളം വന്നുചേരുമ്പോൾ അത്‌ കല്ലും മണ്ണും ഉൾപ്പെടെ താഴോട്ട്‌ തള്ളും. പുഴയുടെ അടിഭാഗത്ത്‌ നേരത്തേയുണ്ടായിരുന്ന വൻ കല്ലുകൾ ഉൾപ്പെടെ താഴോട്ട്‌ ഒഴുകി. വെള്ളം കെട്ടിനിന്ന്‌ ഓരോ സ്ഥലത്തുനിന്നും ഒഴുകുന്ന പ്രതിഭാസമാണ്‌ കണ്ടത്‌.  ദുരന്തമേഖലയിൽ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളുണ്ട്‌. ഇത്‌ ഏതെല്ലാമാണെന്നും സർക്കാരിന്‌ നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *