മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിയതിന് പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
അതേസമയം ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേർ ഉണ്ടായിരുന്നു. ഡി എൻ എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും വ്യക്തമായിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലങ്ങൾ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തു നോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.