മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും.രണ്ടര പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്തുമെന്ന് എൽഡി എഫും, വർഷങ്ങൾക്ക് മുമ്പ്കൈവിട്ട ഭരണം തിരിച്ച് പിടിക്കുമെന്ന് യൂഡിഎഫും ആവർത്തിച്ചുറപ്പിച്ച് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് 19 ന് നടക്കും. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ക്ഷീര കർഷക മുന്നണിയും, എൽഡിഎഫ് പാനലായ ക്ഷീര കർഷക സഹകരണ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. 5 വിഭാഗങ്ങളിലായി 9 ഡയറക്‌ടർ ബോർഡ് സീറ്റുകളിലേക്കായി സ്വതന്ത്ര സ്ഥാനാർത്ഥി ഉൾപ്പെടെ 19 പേരാണ് മത്സര രംഗത്ത് ഉള്ളത്. എൽഡിഎഫ് പാനലിൽ 7 സിപിഎം സ്ഥാനാർത്ഥികളും, 2 സിപിഐ സ്ഥാനാർത്ഥികളുമാണ്. 1963ൽ രൂപീകൃതമായ സംഘത്തിൽ 1505 അംഗങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് നിയന്ത്രണത്തിലായിരുന്നുവെങ്കിൽ 25 വർഷമായി സിപിഎം നിയന്ത്രണത്തിലാണ് ഭരണം. പ്രതിദിനം 22000 ലിറ്റർ പാൽ അളക്കുന്ന സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ക്ഷീരകർഷരുള്ള സൊസൈറ്റിയാണ്.
ക്ഷീരമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരം നേടിയ സംസ്ഥാനത്തെ ആദ്യ സംഘം കൂടിയാണ് മാനന്തവാടിയിലേത്. കൂടാതെ സംസ്ഥാന തല അംഗീകാരമായ ഡോ. വർഗീസ് കുര്യൻ അവാർഡ് രണ്ട് തവണ നേടിയതുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ സംഘത്തെ തേടി എത്തിയിട്ടുണ്ട്.