കൽപ്പറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി ഗ്യാസ് ഏജൻസിയുമായി ചേർന്ന് ഗ്യാസ് സൗജന്യ കണക്ഷനുകളും ഗ്യാസ് സ്റ്റൗ അനുബന്ധ സാധനങ്ങളും പൊതുവിതരണ വകുപ്പിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതരായി വിവിധ ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും ഗ്യാസ് കമ്പനികളുടെ സഹകരണത്തോടെ സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകാൻ പൊതുവിതരണ വകുപ്പ് സഹായിക്കുന്നു. നിലവിൽ 60 കുടുംബങ്ങൾക്ക് മേൽ പദ്ധതി പ്രകാരം ഗ്യാസ് ഏജൻസിയിൽ നിന്നും കണക്ഷൻ വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും മേൽ സൗകര്യം ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ ജയദേവ് അറിയിച്ചു.