തിരുവനന്തപുരം: കഴക്കൂട്ടത്ത് 13കാരിയെ കഴിഞ്ഞ 12 മണിക്കൂറായി കാൺമാനില്ല. അസം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അൻവർ ഹുസൈൻ്റെ മകൾ തസ്മിത്ത് തംസത്തെയാണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാനില്ലാത്തത്. അയൽവീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്.
തുടർന്ന് മാതാപിതാക്കൾ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്. ആസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. ഇപ്പോൾ പ്രദേശത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.