തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും കാണാതായ തസ്മിത്ത് തംസം എന്ന 13- കാരിയെ കന്യാകുമാരിയിൽ കണ്ടതായി വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള- തമിഴ്നാട് പോലീസും ജനങ്ങളും വ്യാപക തിരച്ചിലിലാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് വീട്ടുകാരോട് പിണങ്ങി വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്.
ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തതായി രണ്ട് യാത്രക്കാരും ഇന്ന് പുലർച്ചെ അഞ്ചരയോടെ കന്യാകുമാരിയിൽ കണ്ടതായി ഒരു ഓട്ടോ ഡ്രൈവറും പറഞ്ഞു. ബീച്ച് റോഡിൽ വച്ചാണ് കുട്ടിയെ കണ്ടതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞത്. ട്രെയിനിൽ വച്ച് യാത്രക്കാർ എടുത്ത ഫോട്ടോ പോലീസ് പുറത്തുവിട്ടതോടെ ഇത് കാണാതായ കുട്ടി തന്നെയാണെന്ന് സ്ഥിരീകരണമുണ്ടായത്. എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.