ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേളക്ക് നാളെ തുടക്കമാകും. തൊഴില്‍മേള കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഹാളില്‍ രാവിലെ 10 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ടി. സിദ്ധിഖ് അധ്യക്ഷനായിരിക്കും. മേപ്പാടി മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് വരുമാന ദായക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായാണ് തൊഴില്‍ മേള നടക്കുന്നത്. കുടുംബശ്രീയുടെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളില്‍ ഉപഭോക്താക്കളായ തൊഴില്‍ അന്വേഷകരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. നിലവില്‍ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലായ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും. മേളയില്‍ ഇരുപതോളം കമ്പനികള്‍ പങ്കെടുക്കും.