ദുബൈ: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു.ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം.
ഇതുപ്രകാരം ആഗസ്റ്റ് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
യു.എ.ഇ ഒഴികെ മറ്റ് ജി.സി.സി രാജ്യങ്ങളിൽ സൗജന്യ ബാഗേജിന്‍റെ ഭാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യു.എ.ഇയിലാണ്. കൂടാതെ യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യ സർവിസുള്ളത്ബാക്കി മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസാണ് നടത്തുന്നത്. അതു കൊണ്ടുതന്നെ ലഗേജിന്‍റെ ഭാരം കുറച്ച നടപടി യു.എ.ഇ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്.ഇതിനായി കിലോക്ക് 50 ദിർഹം വരെ ഈടാക്കുന്നുമുണ്ട്. ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടിൽ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതൽ ലാഭമാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
നിലവിൽ ഓഫ് സീസൺപോലും പരിഗണിക്കാതെ യു.എ.ഇയിൽനിന്ന് ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന വരുത്തിയിരിക്കുകയാണ് കമ്പനികൾ. വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ വടകര എം.പി ഷാഫി പറമ്പിൽ ലോക്സഭയിൽ പ്രതിഷേധം ഉയർത്തിയതോടെ കേന്ദ്ര സർക്കാർ വിമാന കമ്പനികളുടെ യോഗം വിളിച്ചിരുന്നു.
എന്നാൽ, ഒരു മാറ്റം വരുത്താൻ അവർ ഇതുവരെ തയാറായിട്ടില്ല. അതിനിടയിലാണ് കൂനിന്മേൽ കുരുപോലെ സൗജന്യ ലഗേജിന്‍റെ തൂക്കം വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് പ്രവാസി സമൂഹം.