ഉരുള്‍പൊട്ടല്‍ ദുരന്തം:താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; മന്ത്രി കെ.രാജന്‍

കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കലക്‌ടറേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. (23 ന്) 19 കുടുംബങ്ങളെ കൂടി താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ ലിസ്റ്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ ക്യാമ്പിലുള്ളവര്‍ നേരിട്ട് പോയി പരിശോധിച്ച് താമസിക്കാന്‍ സന്നദ്ധത അറിയിക്കുന്നവരെയാണ് താല്‍ക്കാലിമായി ഇവിടങ്ങളിലേക്ക് മാറ്റുന്നത്. ആരെയും നിര്‍ബന്ധമായും ക്യാമ്പില്‍ നിന്നും പറഞ്ഞുവിടുന്നില്ല. മുണ്ടേരിയിലെ നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും ,ഒരു ഷെല്‍ട്ടര്‍ ഹോമും രണ്ട് ദിവസത്തിനകം താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാകും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേരെയാണ് കാണാതായിട്ടുള്ളതായി ആദ്യ പട്ടികയിലുള്ളത്. ഇതില്‍ 17 കുടുംബങ്ങളില്‍ നിന്നുമാത്രം 62 പേരെ കാണാതായിട്ടുണ്ട്.

 

പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്താം

 

താല്‍ക്കാലിക പുനരധിവാസം സാധ്യമാക്കുന്നത് പരാതികള്‍ക്കിടയില്ലാത്ത വിധമാണ്. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോണ്‍ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് 04936 203450 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല

 

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായുള്ള സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നല്‍കുന്നവരുമായും കൂടിയാലോചിച്ചാണ് പുനരധിവാസം നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കും.

 

വായ്പകള്‍ എഴുതിതള്ളണം

 

ദുരന്തബാധിതര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ കേരള ബാങ്ക് മാതൃകയില്‍ എഴുതിതള്ളാന്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങളില്‍ മറ്റ് അംഗങ്ങള്‍ തുണയില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് പ്രത്യേക പദ്ധതി സര്‍ക്കാര്‍ ആലേചിക്കുന്നുണ്ട്.

 

6 കോടി ധനസഹായം നല്‍കി

 

സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും 81 പേര്‍ക്ക് 3.24 കോടി രൂപയുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 81 പേര്‍ക്ക് 1.54 കോടി രൂപയും ഇതിനകം നല്‍കിയതായി മന്ത്രി കെ.രാജന്‍ പറഞ്ഞു. അടിയന്തരധനസഹായമായി 725 പേര്‍ക്ക് പതിനായിരം രൂപ വീതം 72.5 ലക്ഷം രൂപയും അനുവദിച്ചു. 439 പേര്‍ക്ക് പ്രതിദിനം 300 രൂപ വീതം ഒരു മാസത്തേക്ക് 39.51 ലക്ഷം രൂപയും ഇതിനകം നല്‍കി. ഗുരുതരമായി പരുക്കേറ്റ 28 പേര്‍ക്ക് 17 ലക്ഷം രൂപയും വിതരണം ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *