തിരുവനന്തപുരം :ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചില ജൂനിയർ നടിമാരും ആരോപണങ്ങളുമായി രംഗത്ത് വന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി നടി അസ്നിയ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള പെരുമാറ്റം മാടുകളോടെന്ന പോലെയാണെന്നും കൃത്യമായി കൂലി പോലും ലഭിക്കുന്നില്ലെന്നും അസ്നിയ പറയുന്നു. സിനിമയിൽ തുടരാൻ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും നടി വെളിപ്പടുത്തി.താര സംഘടനയായ അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി മറ്റൊരു ജൂനിയർ ആർട്ടിസ്റ്റും രംഗത്ത് വന്നു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉരയങ്ങളിലെത്താമെന്ന് നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞതായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി പറഞ്ഞു. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞുവെന്നും ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ജുബിത വ്യക്തമാക്കി.
വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ മറ്റൊരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ ആവശ്യപ്പെട്ടു.
അതേസമയം, നടി രഞ്ജിത്തിന് എതിരെ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം തുടരുകയാണ്. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രഞ്ജിത്തിനെ പദവിയിൽനിന്ന് മാറ്റിനിർത്തണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ പറഞ്ഞു.രജ്ഞിത്തിന് എതിരെ ചലച്ചിത്ര അക്കാഡമി അംഗവും രംഗത്ത് വന്നു. രഞ്ജിത്തിന് എതിരായ പരാതി അപമാനകരമാണെന്ന് അക്കാഡമി അംഗം എൻ അരുൺ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ബന്ധപ്പെട്ടവർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, രഞ്ജിത്തിന് എതിരെ രേഖാമൂലം പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും കമ്മിറ്റിയുടെ കണ്ടെത്തലിനുമേലും കേസെടുത്താൽ അത് നിയമപരമായി നിലിനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഇന്നലെ നടത്തിയത്. മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യത്തി’ൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നും ഇതിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നടി പറഞ്ഞു. ഇതിന് ശേഷം മലയാള സിനിമയിൽ അവസരം ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി.