വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്‌കൂളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്, മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന ക്ലാസ് നയിച്ചത്.
ഈ വർഷം വടുവഞ്ചാൽ സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഫണ്ട് സ്വരൂപിക്കാനും, വയനാട് ജില്ലയിലെ താൽപ്പര്യമുള്ള എല്ലാ സ്‌കൂളുകൾക്കും, കുടുംബശ്രീ യൂണിറ്റുകൾക്കും എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകാനും ഇപ്പോൾ തങ്ങൾക്കാവുമെന്ന് പരിശീലനത്തിൽ പങ്കെടുത്ത വടുവൻചാൽ സ്‌കൂൾ എൻ എസ് എസ് വോളണ്ടിയർമാർ അഭിപ്രായപ്പെട്ടു. മാത്രമല്ല ഏറെ വൈകാതെ സ്‌കൂളിന്റെ സ്വന്തം പേരിൽ തന്നെ എൽ.ഇ.ഡി ബൾബുകൾ വിപണിയിൽ എത്തിക്കാനാണ് വോളണ്ടിയേഴ്‌സിന്റെ പദ്ധതി.
ഒന്നാം വർഷ വോളണ്ടിയർ ആനന്ദൻ വി.ജി സ്വാഗതവും. വിസ്‌മയ വി ടി നന്ദിയും അർപ്പിച്ചു. പരിശീലന പരിപാടിയ്ക്ക് പ്രിൻസിപ്പാൾ മനോജ് കെ വി, പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി എന്നിവർ ആശംസകളും നേർന്നു.