തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ നിറവിൽ ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ ജന്മാഷ്ടമി ദിനത്തിൽ ഗുരുവായൂരിലെത്തുന്നത് ആയിരങ്ങൾ. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂജകളാണ് ഗുരൂവായൂരിൽ നടക്കുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. എല്ലാ കൊല്ലവും അഷ്ടമിരോഹിണി നാളിൽ പ്രത്യേകത പ്രസാദ ഊട്ടാണ് നടത്തപ്പെടുക. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിഭവങ്ങളാണ് ഭക്തർക്ക് വിളമ്പുക.
ശോഭായാത്രയിൽ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്നേഹനിധി സമർപ്പണം ചെയ്യുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന’ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും
ഇതിനിടെ പ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹസദ്യ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. മുഴുവൻ പള്ളിയോടങ്ങളും ഇന്ന് ക്ഷേത്രത്തിലെത്തി സദ്യ കഴിച്ച് മടങ്ങും. അഷ്‌ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും