ലഖ്‌നൗ : വയനാട് മുണ്ടക്കൈ, ചൂരൽമല, എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിന് ധനസഹായവുമായി യു.പി സർക്കാർ. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടി നൽകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇക്കാര്യം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിട്ടുണ്ട്.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞദിവസം യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചതെന്ന് ഗവർണർ വ്യക്തമാക്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാട്ടിലുണ്ടായ ദുരന്തത്തിൽ യു.പി സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.