ചേകാടി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുറുവാ ചെറിയാമല ഉന്നതിയിലെ അജേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകവേ ചേകാടി – പാക്കം റോഡിൽ കുറുവാ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായി തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടപ്പോൾ ബൈക്ക് നിർത്താൻ ശ്രമിക്കവെ മറിഞ്ഞു വീണതിനെ തുടർന്നാണ് പരിക്കേറ്റതെന്ന് അജേഷ് പറഞ്ഞു. പുറകിലായി വരുന്നുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ സുരേഷിന്റെ നേതൃത്വത്തിൽ അജേഷിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജേഷിന്റെ കാലുകൾക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായും അജേഷ് പറഞ്ഞു.