കൽപ്പറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വൽക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മിഷന്‍ നിര്‍ദേശം.
വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 18 വനസംരക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആന-കാട്ടുതീ പ്രതിരോധം, ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍ എന്നിവക്കായി നിയോഗിച്ചിട്ടുള്ളതായും നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തു.
വന പ്രദേശത്ത് വിവിധ ഇനത്തിലുള്ള തദ്ദേശീയ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, വനപ്രദേശങ്ങളിലെ ജലാശയ നവീകരണം, മാലിന്യമുക്ത പ്രവര്‍ത്തനങ്ങളും വന സംരക്ഷണ പ്രവര്‍ത്തനങ്ങളും വന സംരക്ഷണ സമിതി മുഖേന ഉറപ്പാക്കുന്നുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വന്യജീവി സംഘര്‍ഷമുള്ള മേഖലകളില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവശ്യഘട്ടത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഡിവിഷണല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി..
ചെതലയത്ത് റെയിഞ്ചിന് കീഴിലെ പുല്‍പള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളിലെ അഞ്ച് ഉന്നതികളിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുകയെന്നും മേപ്പാടി, കല്‍പറ്റ, ചെതലത്ത് റെയ്ഞ്ചുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായ വനാതിര്‍ത്തിയില്‍ 224 കിലോ മീറ്റര്‍ ഫെന്‍സിങ്, 22.46 കിലോ മീറ്റര്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്, 11.294 കിലോ മീറ്റര്‍ കരിങ്കല്‍ ഭിത്തി, 139.30 കിലോ മീറ്റര്‍ ട്രഞ്ച് എന്നിവ നിര്‍മ്മിച്ച് യഥാസമയം അറ്റകുറ്റപ്രവര്‍ത്തികള്‍ നടത്തിവരുന്നതായും കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി.
ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് കല്‍പറ്റ സ്വദേശി നല്‍കിയ പരാതി പരിഗണിച്ച കമ്മിഷന്‍, ആശ്രിത നിയമനത്തിന് വര്‍ഷത്തില്‍ ഒരു ജില്ലയ്ക്ക് ഉണ്ടാകുന്ന ഒഴിവുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 5 ശതമാനമായി നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ സീനിയോരിറ്റി അടിസ്ഥാനമാക്കി നിയമനം നല്‍കുമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. സിറ്റിങ്ങില്‍ പുതിയതായി ലഭിച്ച ഒരു പരാതി കമ്മിഷന്‍ ഫയലില്‍സ്വീകരിച്ചു.