മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി രുപീകരിച്ചു

മേപ്പാടി: മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടേയും പുനരധിവാസം ഉറപ്പാക്കുക, പരുക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുക, തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവർ, വ്യാപാരികൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൃഷിക്ക് ആവശ്യമായ വൈദ്യുതി പുനസ്ഥാപിക്കുക, പുത്തുമലയിലെ പൊതു ശ്മാശനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി വൈദ്യുതി ലഭ്യമാക്കുക, ശ്മാശനം സ്മാരകമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരായ 10, 11, 12 വാർഡുകളിലെ സാമ്പത്തിക ബാധ്യതകൾ എഴുതി തള്ളുക, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, ലയങ്ങളിൽ താമസിച്ചവരേയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, പുനരധിവാസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനകീയ കമ്മിറ്റിയെ ഉൾപ്പെടുത്തുക, സർക്കാർ പുനരധിവാസ പദ്ധതിയിൽ താൽപര്യമില്ലാത്തവർക്ക് നഷ്ടപരിഹാരവും സ്വന്തം നിലയിൽ വീട് വയ്ക്കാനുള്ള അനുവാദവും നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

 

ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 25 അംഗ കമ്മിറ്റിയാണ് രുപീകരിച്ചത്. കെ. മൻസൂർ (ചെയർമാൻ), സി. മനോജ് (കൺവീനർ), വിജയൻ മഠത്തിൽ (ട്രഷറർ), എ. നസീർ (വൈ.ചെയർമാൻ), പ്രശാന്ത്, സി.എച്ച് സുലൈമാൻ (ജോ. കൺവീനർമാർ), ജോജോ ജോസഫ്, ജിജിത്ത് (എക്സി. അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി. മനോജ്, എൻ.കെ സുകുമാരൻ, കെ. മൻസൂർ, സി.എച്ച് സുലൈമാൻ, കെ. ഉസ്മാൻ, എ. നസീർ, വിജയൻ മഠത്തിൽ, ജിജിത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ മൂന്നു വാർഡുകളിൽ നിന്നായി ദുരന്തബാധിതരായ 600 ഓളം പേർ പങ്കെടുത്തു.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *