മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം മനസില്‍ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല. അത്തരത്തില്‍ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം.
ആഗോള തലത്തില്‍ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചാം തീയതിയാണ്. . തങ്ങളുടെ ഉദാത്തമായ സേവനങ്ങള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്‌തുതിക്കാനും ഓർക്കാനുമാണ് ഈ ദിനം നമ്മള്‍ ഉപയോഗപ്പെടുത്തുന്നത്. ഡോ: എസ് രാധാകൃഷ്‌ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്. ഒരു സമൂഹത്തെ മുഴുവൻ വാർത്തെടുക്കുന്നതില്‍, ബാല്യകൗമാര കാലത്തെ കുട്ടികളുടെ ചാപല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ നേർവഴിക്ക് നടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. എങ്കിലും പലപ്പോഴും വേണ്ടത്ര അംഗീകാരങ്ങള്‍ അവർക്ക് കിട്ടാറില്ലെന്ന് നമുക്ക് തോന്നിയാല്‍ അതിനെയൊരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്നതിന് വലിയൊരു കാരണമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു അധ്യാപകന്റെ മഹത്തായ ഒരു മനുഷ്യന്റെ ഓർമ്മയ്ക്ക് വേണ്ടിയാണു അന്നത്തെ ദിവസം നാം രാജ്യമെമ്പാടും അധ്യാപക ദിനം എന്ന നിലയില്‍ കൊണ്ടാടുന്നത്.