കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിലിട്ട് നടൻ നിവിൻ പോളി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. നിവിൻ പോളി ബലാത്സംഗം ചെയ്തെന്ന് യുവതി ആരോപിക്കുന്ന ദിവസം താരം കൊച്ചിയിലുണ്ടായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നു. 2023 ഡിസംബർ 14,15 തീയതികളിൽ കൊച്ചിയിലെ ക്രൗൺപ്ലാസയിൽ നിവിൻ പോളി താമസിച്ചതിന്റെ ഹോട്ടൽ ബില്ലാണ് പുറത്തുവന്നത്. 2023 ഡിസംബർ 15ന് ദുബായിലെ ഹോട്ടൽമുറിയിൽ വച്ച് നിവിൻപോളി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
2013 ഡിസംബർ 14ന് 2.30ന് കൊച്ചിയിലെ ക്രൗൺപ്ലാസയിൽ താമസിക്കുകയും 15ാം തീയതി 4.30 ഹോട്ടലിൽ നിന്ന് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം തള്ളി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. 2023 ഡിസംബർ 14ന് നടൻ ഉണ്ടായിരുന്നത് താൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലർച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു
.