ഒരുമയുടെയും, നന്മയുടെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണത്തിൻ്റെ വരവ് വിളിച്ചോതി ഇന്ന് അത്തം. മാവേലിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. മലയാളികളുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.
വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്.
അങ്ങനെ വന്നാൽ പിന്നീട് തിരുവേണം നാളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഓണക്കാലമായതോടെ പൂവിപണികളും ഇന്ന് മുതൽ സജീവമാകും. സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും. അതേസമയം ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും