ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള വഴിപാടുകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങളും അകറ്റാന്‍ വിഘ്‌നേശ്വരന് കഴിയും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഹൈന്ദവ ആരാധനയില്‍ ഏറെ പ്രാധാന്യമുള്ള ദിനങ്ങളിലൊന്നാണിത്.
എല്ലാ വര്‍ഷവും ഏകദേശം ആഗസ്റ്റ് 22 നും സെപ്റ്റംബര്‍ 20 നും ഇടയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. രാജ്യത്തുടനീളം പത്ത് ദിവസത്തെ ഉത്സവമായാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗജാനനന്‍, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക, വിഘ്‌നേശ്വര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതിയെ ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവനായാണ്
വിശേഷിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്‍ഥി ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്.
വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് വിശ്വാസികള്‍ വ്രതം ആചരിക്കാറുണ്ട്. തലേ ദിവസം മുതല്‍ മത്സ്യ മാംസാദികള്‍ ത്യജിച്ച് പൂര്‍ണ്ണമായും ബ്രഹ്‌മചര്യം പാലിച്ചാണ് വ്രതം നടത്തുക. ഈ ദിവസം അമ്പലങ്ങളിലും പൂജാമുറിയിലും ഗണേശപുരാണം, അഷ്ടോത്തരം, ഗണേശ ഗായത്രി, സഹസ്രനാമം, സങ്കട നാശന ഗണേശ സ്‌തോത്രം എന്നിവ ജപിക്കാം.