കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളില്‍ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ എത്തണം.
പറവൂർ, തൃശൂർ, മലപ്പുറം മേഖലകളില്‍ നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്ബാവൂർ തുടങ്ങി കിഴക്കൻ മേഖലകളില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളില്‍ നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളില്‍ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന ബസുകളുള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂർ ജംഗക്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.