മാനന്തവാടി:കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തിൽ അയൽവാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയിൽ വീട്ടിൽ ഹക്കീം(42)നെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മണിക്കൂറു കൾക്കുള്ളിലാണ് കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കിയത്. സെപ്തംബർ നാലിനാണ് തേറ്റമലയിലെ വീട്ടിൽ നിന്ന് വിലങ്ങിൽ വീട്ടിൽ കുഞ്ഞാമി(72)യെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് സെപ്തംബർ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്.വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവനോളം സ്വർണ്ണാഭരണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വെള്ളമുണ്ടയിലെ ഈസാഫ് ബാങ്കിൽ പണയം വെച്ചനിലയിൽ സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച്ച കാണാതായ കുഞ്ഞാമിയെ വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ ദൂരെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.