ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹം. 354 വിവാഹങ്ങൾക്കാണ് ബുക്കിങ്ങുള്ളത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്. നിലവിലുള്ള 4 കല്യാണ മണ്ഡപങ്ങൾക്കു പുറമേ ക്ഷേത്രത്തിനു മുന്നിൽ തെക്കും വടക്കുമായി 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. വധൂവരന്മാർക്കും വിവാഹ സംഘത്തിനും ടോക്കൺ എടുത്തതിനു ശേഷം വിശ്രമിക്കുന്നതിനു മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപം നിർമിച്ച പന്തലിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഇവിടെ നിന്ന് ക്രമം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും. പുലർച്ചെ 4ന് വിവാഹങ്ങൾ ആരംഭിച്ചു.
തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രനടയിൽ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും. പോലീസുകാരെ ശനിയാഴ്‌ച രാത്രിതന്നെ പലയിടങ്ങളിലായി വിന്യസിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ വൈകീട്ട് ഗുരുവായൂരിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പോലീസുകാർക്ക് എ.സി.പി. ടി.പി. സിനോജ് ആവശ്യമായ നിർദേശങ്ങൾ നൽകി. സി.ഐ.മാരായ പ്രേമാനന്ദകൃഷ്ണണനും ജി. അജയ്കുമാറും എ.സി.പി.ക്കൊപ്പമുണ്ടായി.
നഗരത്തിലെ 90 ലോഡ്‌ജുകളിലെ വിവാഹഹാളുകളിൽ വിവാഹസത്കാരം നടക്കുന്നുണ്ട്. അതുകൊണ്ട് അത്രയും ലോഡ്‌ജുകൾക്കു മുൻപിലും തിരക്കുണ്ടാകുമെന്നതിനാൽ അവിടെയും പോലീസുകാരെ വിന്യസിച്ചു.