മാനന്തവാടി : പ്രായപൂർത്തിയാവാത്ത പട്ടിക വർഗ്ഗത്തിൽപെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി സുനിൽ കുമാറിനെ(36)യാണ് എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ മാതാപിതാക്കളുടെ നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും ആധാർ കാർഡിന്റെ കോപ്പിയിൽ ജനന തിയ്യതി തിരുത്തിയും ഉന്നത ജാതിയിലുള്ള കേസിലെ ഒന്നാം പ്രതിയായ വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ. സുജിത്തു(40) മായി 2024 ജനുവരി മാസം വിവാഹം നടത്തുകയായിരുന്നു. ഇതിനായി സുജിത്തിൽ നിന്നും സുനിൽ കുമാർ ബ്രോക്കർ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോൺ പരിശോധിച്ചതിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കൂടുതൽ പെൺകുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ പട്ടിക വർഗ്ഗത്തിൽപ്പെട്ടവരുടെ അജ്ഞത മറയാക്കി ജില്ല കേന്ദ്രീകരിച്ച് പ്രായപൂർത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനർ വിവാഹം നടത്തികൊടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചു വരുന്ന ദല്ലാൾ സംഘത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എസ്.എം.എസ്. ഡി.വൈ.എസ്.പി അബ്ദുൽകരീം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.