മാനന്തവാടി:തൊണ്ടര്‍നാട് തേറ്റമലയില്‍ നാല് പവന്‍ സ്വര്‍ണ്ണാഭരണത്തിന് വേണ്ടി അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചോലയില്‍ ഹക്കീമി(42)നെ കോടതി റിമാന്റ് ചെയ്തു.തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72)യെയാണ് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്.ബുധനാഴ്ച രാവിലെയാണ് കുഞ്ഞാമിയുടെ മകള്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയത്. ഈസമയത്ത് അയല്‍വാസിയായ പ്രതി ഹക്കീം തനിച്ചായിരുന്ന കുഞ്ഞാമിയുടെ വീട്ടിലെത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് കണ്ടെത്തിയത്.
മൃതദേഹം അവിടെ തന്നെ വിട്ട് ഹക്കീം തേറ്റമലയില്‍ പോയിവന്ന ശേഷം സ്വന്തം കാറിന്റെ ഡിക്കിയില്‍ കയറ്റി വീട്ടില്‍ നിന്നും 600 മീറ്റര്‍ ദൂരെയുള്ള പൊട്ടക്കിണറ്റില്‍ തള്ളി.അവിടെ നിന്നും നേരെ വെള്ളമുണ്ടയിലെ ഇസാഫ് ബേങ്കില്‍ പോയി സ്വര്‍ണ്ണാഭരണത്തില്‍ നിന്നും രണ്ട് ഇനങ്ങളൊഴികെയുള്ളവ 1,15,000 രൂപക്ക് പണയം വെച്ചു.ബാക്കി ഭാഗം ജോലിച്ചെയ്യുന്ന സ്ഥാപനത്തിലുള്ള തന്റെ ബേഗില്‍ സൂക്ഷിക്കുയും ചെയ്തു.വൈകുന്നേരത്തോടെ കുഞ്ഞാമിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയും സജീവപങ്കാളിയായി.വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതിന് ശേഷം ഉയര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുള്‍പ്പെടെയുള്ള ദുരൂഹതകള്‍ക്കിടയില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയമുന ഹക്കീമിലേക്കെത്തുകയും അവര്‍ പോലീസില്‍ വിവരം നല്‍കുകുയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലും പരിശോധനയിലും ഹക്കീം സ്വര്‍ണ്ണംപണയം വെച്ചതായി കണ്ടെത്തി.ശനിയാഴ്ച പോലീസ് ഹക്കീമിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയും വൈകുന്നേരത്തോടെ നഷ്പ്പെട്ട മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തുകയും ചെയ്തു.രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തെളിവെടുപ്പിനായി ഇന്നലെ തേറ്റമലയില്‍ എത്തിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ രോഷം ഭയന്ന് മാറ്റിവെക്കുകയായിരുന്നു.അടുത്താഴ്ച തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപ്പെടാനാണ് പോലീസ് തീരുമാനിച്ചത്.തലപ്പുഴ സി ഐ ടി പി ജേക്കബ്,തൊണ്ടര്‍നാട് എസ് ഐ മാരായ എം സി പവനന്‍,കെ മൊയ്തു,രാജേഷ് വി പി, എസ് ഐ മാരായ നൗഷാദ്,ഷാജി എം എ,എസ് പി ഒമാരായ എം സി വിജയന്‍,ജിമ്മിജോര്‍ജ്,സക്കീന എം,സി പി ഒ മാരായ ഷിന്റോജോസഫ്,സി ലിഥിന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.