വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഉല്പാദന യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ,പഞ്ചായത്തംഗം റംല മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ സജ്ന ഷാജി, എൻ.കെ മോഹനൻ മാസ്റ്റർ, വിനോദ് പാലിയാണ,ഷൈനി ജോസ്, റോസ്‌ലി ബേബി, മേഴ്‌സി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും വരുന്ന 11 സ്ത്രീകളുടെ കൂട്ടായ്മയിലൂടെ വെള്ളമുണ്ട എട്ടേനാൽ കേന്ദ്രമായി 2006 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മാതൃകാ സ്ഥാപനമാണ് സ്നേഹദീപം അമൃതം ഫുഡ് സപ്ലിമെന്റ്. സ്നേഹദീപം സംരംഭകർ.സ്വന്തമായി കെട്ടിടം ലഭിച്ച ആഹ്ലാദത്തിലാണിപ്പോൾ. വൈവിധ്യമാർന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളടക്കം നിര്‍മിച്ച് വിപണണം ചെയ്യുന്നതിന് സ്നേഹദീപം പോലുള്ള സംരംഭങ്ങൾ മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.