അവസാനമായി പ്രിയതമനെ കാണാനെത്തി ശ്രുതി; ആശുപത്രിയിൽ വൈകാരിക രംഗങ്ങൾ, ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് സംസ്കാരം

കൽപ്പറ്റ: പ്രതിശ്രുത വരൻ ജെൻസൻ്റെ മൃതദേഹം കാണാനായി ആശുപത്രിയിലെത്തി ശ്രുതി. കൽപ്പറ്റയിലെ ആശുപത്രിയിലായിരുന്നു ശ്രുതി ചികിത്സയിലുണ്ടായിരുന്നത്. നേരത്തെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയുമ്പോഴേക്കും ജെൻസൺ മരിക്കുകയായിരുന്നു. തുട‍ർന്ന് ശ്രുതിയെ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആശുപത്രിയിൽ ഉണ്ടായത്. മൃതദേഹം കാണിച്ച ശേഷം ശ്രുതിയെ ചികിത്സ നടക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോ‍ർട്ടം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരിലാണ് പൊതുദർശനം. ജനപ്രതിനിധികളുൾപ്പെടെയുള്ള വൻജനാവലി പങ്കെടുക്കും. ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ ടൈലറും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ് എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ്  അമ്മയെ തിരിച്ചറിഞ്ഞത്. ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. കൽപറ്റയിലെ വാഹനാപകടത്തിൽ ജെൺസണ് ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജെൻസൺ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *