ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ : പിച്ചതെണ്ടൽ സമരവുമായി പനമരം പൗരസമിതി

പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിനകത്തെ ഏക കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂര പഞ്ചായത്തധികൃതർ പൊളിച്ചിട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചായിരുന്നു വ്യത്യസ്ഥമായ സമരം. പിച്ചതെണ്ടിയെങ്കിലും കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് കണ്ടെത്തണമെന്ന് പ്രതീകാത്മക സമരത്തിലൂടെ പൗരസമിതി സൂചന നൽകി.

 

മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ താല്കാലികമായി കുടകളാണിപ്പോഴുള്ളത്. ജില്ലയിലെ പ്രധാന ടൗണായ പനമരത്ത് നൂറുകണക്കിന് യാത്രക്കാരെത്തും. ഇവരെല്ലാം മഴയും വെയിലും കൊണ്ട് നിൽക്കേണ്ട ഗതികേടിലാണ്. ഒന്ന് വിശ്രമിക്കാനോ അല്പനേരം ഇരിക്കാനോ ഒരിടമില്ലാതെ സ്ത്രീകളും, വിദ്യാർഥികളും, വയോധികരും, രോഗികളും ഉൾപ്പെടെയുള്ളവർ പെരുവഴിയിലായിട്ടും പഞ്ചായത്ത് ഭരണസമിതി പരിഹാരം കാണാത്തത് ഖേദകരമാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. പനമരം പാലം കവലയിലെ പഞ്ചായത്ത് കാത്തിരിപ്പുകേന്ദ്രവും തകർച്ചാഭീഷണിയിലാണ്. ബസ് സ്റ്റാൻഡിലെ ഇൻ്റർലോക്കുകൾ ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. തുരുമ്പെടുത്ത കമ്പികൾ ഉൾപ്പെടെ പുറത്തുചാടി അപകടക്കെണിയൊരുക്കി. ഇവിടെ പാറപ്പൊടി പാകിയെങ്കിലും ശാശ്വത പരിഹാരമല്ല. സ്ഥലം കണ്ടെത്തി വിസ്താരം കുറഞ്ഞ സ്റ്റാൻഡിന് പകരം പുതിയ സ്റ്റാൻഡ് ഒരുക്കുമെന്ന് മാറിമാറി വരുന്ന ഭരണസമിതികൾ പറയുന്നതല്ലാതെ പ്രാവർത്തികമാവുന്നില്ല. നിലവിൽ വികസനമുരടിപ്പിൽ വീർപ്പുമുട്ടുകയാണ് പനമരം. ജില്ലയിൽ തന്നെ ഇത്രയേറെ തരംതാണ ഭരണസമിതി വേറെയുണ്ടാവില്ല. അതിനാൽ കഴിവില്ലാത്ത പഞ്ചായത്തംഗങ്ങൾ രാജിവെച്ച് പുറത്തുപോവണമെന്നും പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ബി രാജൻ, അജ്മൽ തിരുവാൾ, ടി.ഖാലിദ്, വിജയൻ മുതുകാട്, ടി.പി സുരേഷ് കുമാർ, സജി എക്സൽ, സജീവൻ ചെറുകാട്ടൂർ, എം.ഡി പത്മരാജൻ തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *