ജെന്‍സന് വിട ചൊല്ലി നാട് ; ആയിരങ്ങളുടെ അശ്രുപൂജ.

അമ്പലവയൽ : കൽപ്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജയന്‍-മേരി ദമ്പതികളുടെ മകന്‍ ജെന്‍സനു(28) ആയിരങ്ങളുടെ അശ്രുപൂജ. ജെന്‍സനു വിട ചൊല്ലാന്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെന്‍സന്റെ മൃതദേഹത്തിനു മുന്നില്‍ മാതാവും കുടുംബാംഗങ്ങളും വാവിട്ടുകരഞ്ഞതു കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

 

ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടര്‍ ഡി.ആര്‍. മേഘശ്രീ റീത്ത് സമര്‍പ്പിച്ചു. വൈകുന്നേരം അഞ്ചരയോടെ ആണ്ടൂര്‍ ഒന്നേയാര്‍ നിത്യസഹായമാതാ പള്ളിയിലായിരുന്നു ജെന്‍സന്റെ സംസ്‌കാരം.പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒന്‍പത് അംഗങ്ങളെ നഷ്ടമായ ചൂരല്‍മല സ്വദേശിനി ശ്രുതിയുടെ പ്രതിശുത വരനായിരുന്നു ജെന്‍സന്‍. സ്‌കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ജെന്‍സന്റെയും ശ്രുതിയുടെയും വിവാഹം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുള്‍ ദുരന്തം. നഴ്‌സായ ശ്രുതി കോഴിക്കോട് ജോലിസ്ഥലത്തായിരുന്നതിനാലാണ് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്.

 

ഉറ്റവര്‍ നഷ്ടമായതിന്റെ വേദനയില്‍ മാനസികമായി തകര്‍ന്ന ശ്രുതിക്കു ആശ്വാസം പകര്‍ന്നതു ജെന്‍സനും കുടുംബാംഗങ്ങളുമാണ്. വിവാഹം നിശ്ചയിച്ചതിലും നേരത്തേയാക്കാനും ജെന്‍സനും വീട്ടുകാരും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വാഹനാപകടം മറ്റൊരു ദുരന്തമായി മാറിയത്. ജെന്‍സനും ശ്രുതിയും മറ്റും സഞ്ചരിച്ച ഓംനി വാന്‍ സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഒന്‍പത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ജെന്‍സന്‍ ഒഴികെയുള്ളവരുടെ പരിക്ക് മാരകമല്ല. കാല്‍ ഒടിഞ്ഞ ശ്രുതിക്ക് കല്‍പ്പറ്റ ലിയോ ആശുപത്രിയിലാണ് ചികിത്സ.

മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ബുധനാഴ്ച രാത്രി സൂക്ഷിച്ച ജെന്‍സന്റെ മൃതദേഹം ഇന്നു രാവിലെ പത്തോടെയാണ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റിയത്.

 

പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുമിത്രാദികള്‍ ഏറ്റുവാങ്ങിയ മൃതദേഹം ശ്രുതിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനു ആംബുലന്‍സില്‍ ഉച്ചയോടെ ലിയോ ആശുപത്രിയില്‍ എത്തിച്ചു. പ്രിയപ്പെട്ടവന്റെ ജീവനറ്റ ശരീരത്തിനു മുന്നില്‍ വിതുമ്പിയ ശ്രുതി മറ്റൊരു കണ്ണീര്‍ക്കാഴ്ചയായി. ബുധനാഴ്ച രാത്രി ശ്രുതിയെ മേപ്പാടിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി ജെന്‍സനെ കാണാന്‍ സൗകര്യം ഒരുക്കിയെങ്കിലും മരണവിവരം അറിയിച്ചിരുന്നില്ല. കല്‍പ്പറ്റയില്‍നിന്നു ആണ്ടൂരിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളമാണ് പൊതുദര്‍ശനത്തിനു വച്ചത്. പിന്നീട് വീട്ടിലേത്തിച്ച മൃതദേഹം പ്രാര്‍ത്ഥനയ്ക്കുശേഷമാണ് സംസ്‌കാരത്തിനു പള്ളിയിലേക്ക് എടുത്തത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *