തിരുവനന്തപുരം : എംആര്‍പിയേക്കാള്‍ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ദിനേശ്കുമാര്‍ തിരുവനന്തപുരം പുളിയറക്കോണത്തെ ‘മോര്‍’ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണക്ക് എം ആര്‍ പിയേക്കാള്‍ 10 രൂപ കൂടുതല ഈടാക്കിയതിനെതിരെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.എതിര്‍കക്ഷിയുടെ പ്രവൃത്തി അധാര്‍മ്മിക വ്യാപാരരീതി ആണെന്നും ഉപഭോക്താവിന് നല്‍കേണ്ട സേവനത്തില്‍ വീഴ്ച വരുത്തിയെന്നും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി.ആര്‍ എന്നിവരുടെ ഉത്തരവില്‍ പറഞ്ഞു.
ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 5010 രൂപയും (അധികമായി ഈടാക്കിയ 10 രൂപ ഉള്‍പ്പെടെ) കോടതി ചെലവായി 2500 രൂപയും 5000 രൂപ ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്കും ഒരു മാസത്തിനകം എതിര്‍കക്ഷി അടവാക്കാനും അന്യായ വ്യാപാര സമ്പ്രദായം ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ ഉത്തരവിട്ടു.