എന്തിന് ഞങ്ങളുടെ ഉമ്മയെ കൊന്നെടാ…’; ചോദ്യങ്ങള്‍ക്കുമുന്നില്‍ കൂസലില്ലാതെ കൃത്യം വിവരിച്ച്‌ പ്രതി

വെള്ളമുണ്ട ( വയനാട് ) : എന്തിന് ഞങ്ങളുടെ ഉമ്മയെ കൊന്നെടാ… തെളിവെടുപ്പിനിടെ തിങ്ങിക്കൂടിയ ജനക്കൂട്ടം പ്രതിക്കുനേരേ ആത്മരോഷത്തോടെ വിളിച്ചുചോദിച്ചു. എഴുപത്തിരണ്ടുകാരിയായ തേറ്റമല വിലങ്ങില്‍ കുഞ്ഞാമി വധക്കേസില്‍ പ്രതിയും അയല്‍വാസിയുമായ ഹക്കീമിനെ വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു നാടിന്റെ മുഴുവൻ രോഷവും അണപൊട്ടിയത്. എതിർപ്പുകള്‍ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്.

കൂസലില്ലാതെയാണ് പ്രതി ഹക്കീം നടന്ന സംഭവങ്ങളെല്ലാം പോലീസിനോട് വിവരിച്ചത്.

 

വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ ഹക്കീം കുഞ്ഞാമിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതിനുശേഷമാണ് കാറിന്റെ ഡിക്കിയില്‍ കയറ്റി അറുന്നൂറ് മീറ്ററോളം അകലെയുള്ള പൊട്ടക്കിണറ്റിലിട്ടത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെയാണ് എല്ലാ കാര്യങ്ങളും ഹക്കീം പറഞ്ഞുകൊണ്ടിരുന്നത്. നൂറുകണക്കിനാളുകള്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിക്കുന്നതറിഞ്ഞ് ഇവിടേക്കെത്തിയിരുന്നു. മൃതദേഹം കൊണ്ടിട്ട പൊട്ടക്കിണറ്റിനരികിലും ഹക്കീമിനെ തെളിവെടുപ്പിനെത്തിച്ചിരുന്നു.

 

 

*കൊലപാതകം ഇത്തിരി പൊന്നിനായി*

 

നാലുപവനോളം സ്വർണത്തിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഞ്ഞാമിയെ പ്രായത്തിന്റെ അവശതകളും മുതലെടുത്താണ് അയല്‍വാസിയായ ഹക്കീം കൊന്നത്. സെപ്റ്റംബർ മൂന്നിന് വൈകീട്ടോടെയാണ് കുഞ്ഞാമിയെ കാണാനില്ലെന്ന വിവരം നാടറിയുന്നത്. ഇളയമകള്‍ സാജിതയോടൊപ്പമായിരുന്നു കുഞ്ഞാമി താമസിച്ചിരുന്നത്. സാജിത ആശുപത്രിയില്‍പ്പോയ സമയത്ത് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഹക്കീം വീട്ടില്‍ അതിക്രമിച്ചുകയറിയത്. വൈകീട്ട് സാജിതയുടെ മകൻ സ്കൂള്‍വിട്ടെത്തിയപ്പോഴാണ് കുഞ്ഞാമിയെ കാണാനില്ലെന്ന വിവരം പുറംലോകം അറിഞ്ഞത്. അപ്പോള്‍മുതല്‍ നാടൊന്നാകെ കുഞ്ഞാമിക്കായി തിരച്ചിലിലായിരുന്നു. അയല്‍വാസിയായ ഹക്കീമും തിരച്ചിലിന് മുന്നിട്ടിറങ്ങി. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലും ഇയാള്‍ വയോധികയെ കാണാനില്ലെന്ന വിവരം പങ്കുവെച്ചിരുന്നു. മൃതദേഹം കണ്ടെത്തുന്നതുമുതല്‍ കബറടക്കുന്നതുവരെയും ഹക്കീം മുന്നിലുണ്ടായിരുന്നു. പ്രായത്തിന്റെ അവശതയില്‍ നടക്കാൻപോലും കഴിയാത്ത കുഞ്ഞാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മക്കളും ബന്ധുക്കളുമെല്ലാം ആവർത്തിച്ചുപറഞ്ഞതോടെയാണ് പോലീസ് ഈ വഴിക്കുള്ള അന്വേഷണം തുടങ്ങിയത്. ഹക്കീമിന്റെ വീട്ടിലെ സി.സി.ടി.വി. ക്യാമറ സംബന്ധിച്ച വിവരങ്ങളുടെ പൊരുത്തക്കേടുകളുംമറ്റും ആദ്യംതന്നെ അന്വേഷണം ഹക്കീമിലേക്ക് എത്തിച്ചിരുന്നു.

 

ഹക്കീമിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് കാര്യങ്ങളെല്ലാം ഉറപ്പിച്ചു. സംഭവദിവസം മുതലുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പ്രതി ഹക്കീം തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. വെള്ളമുണ്ടയിലെ സ്വകാര്യബാങ്കില്‍ സ്വർണാഭരണം പണയപ്പെടുത്തിയതായി തെളിഞ്ഞു. ഈ ആഭരണങ്ങള്‍ കുഞ്ഞാമിയുടേതാണെന്ന് ബന്ധുക്കളും ശരിവെച്ചതോടെ പോലീസ് അറസ്റ്റുചെയ്തു


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *