തിരുവല്ല :വാഹന പ്രേമികൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്രെ. തന്റെ ലാൻഡ്റോവർ ഡിഫെൻഡർ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎൽ 27 എം 7777 എന്ന നമ്പർ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആർടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തിൽ നടന്ന ഫാൻസി നമ്പർ ലേലത്തിലെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് 7.5 ലക്ഷമായിരുന്നു
തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് ലാൻഡ്റോവർ ഡിഫെൻഡർ എച്ച്എസ്ഇ വാങ്ങിയത്. ദേശിയപാത നിർമ്മാണ പ്രവർത്തനത്തിന് ഉൾപ്പെടെ മെറ്റീരിയൽ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്സ്. നടുവത്ര വീട്ടിൽ അനിൽകുമാർ-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എർത്തെക്സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്‌ടർ കൂടിയാണ്. ക്വാറി, ക്രഷർ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പർ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സർക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു