അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഗംഗാവലി പുഴയില്‍ നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഇത് മനുഷ്യന്റെ അസ്ഥിയെന്നാണ് സംശയം. പരിശോധനകൾക്കായി അസ്ഥി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്
നേരത്തേ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെ മടങ്ങിയിരുന്നു. ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും മോശമായി പെരുമാറിയെന്നും അതിനാലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്നുമാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.
ഈശ്വര്‍ മാല്‍പെ മടങ്ങിയെങ്കിലും ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടർന്നു. ഡ്രഡ്ജര്‍ കമ്പനി ഞായറാഴ്ച ഗുജറാത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഇതില്‍ ഒരു ലോറിയുടെ എന്‍ജിന്‍ അടക്കമുള്ള ഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്താണ് പരിശോധന നടത്തിയത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടു വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം. പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരു കോടി രൂപ കര്‍ണാടക സര്‍ക്കാരാണ് വഹിക്കുക