കോഴിക്കോട് :അർജുന് യാത്രാമൊഴി നല്‍കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. വിലാപയാത്രയിലും നാട് അണിനിരന്നു.
അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ തീർത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹില്‍കുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി.
വീട്ടിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിന്റെ സഹായധനമായി അഞ്ച് ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറും. കാർവാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചു.
ജൂലൈ 16ന് അങ്കോളക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് ഗംഗാവലിപ്പുഴയില്‍ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയില്‍ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണല്‍ സയൻസ് ലബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന നടന്നത്