കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഭൂരേഖകൾ കൈമാറി. കലക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ രേഖകള് വിതരണം ചെയ്തത്. രജിസ്ട്രേഷൻ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത 145 ആധാരങ്ങളുടെ പകരമായി സൗജന്യമായി നൽകുന്നു. പകർപ്പുകൾക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവു പ്രകാരം ആധാരങ്ങൾ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ് രജിസ്ട്രേഷന് വകുപ്പ് പകർപ്പുകൾ വിതരണത്തിന് ഒരുക്കിയത്. മേപ്പാടിയിൽ സെപ്റ്റംബർ 30ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പകർപ്പുകൾ വിതരണം ചെയ്യും. അന്നേ ദിവസം ഇത് വരെ അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകാനുള്ള സംവിധാനവും രജിസ്ട്രേഷൻ വകുപ്പും ഒരുക്കിയിട്ടുണ്ട്.