സ്പാം സന്ദേശങ്ങള്‍ ചെറുക്കുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ( ട്രായ് ) ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ബിസിനസ് ആവശ്യത്തിനായുളള സന്ദേശങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ആപ്പ് ലിങ്കുകള്‍, ഫയല്‍ അറ്റാച്ച്‌മെന്റുകള്‍ തുടങ്ങിയ ഉള്ളടക്കങ്ങള്‍ കമ്പനികള്‍ ഉപയോക്താക്കളിലേക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പായി ടെലികോം ദാതാക്കളെ അറിയിക്കേണ്ടതാണ്. ഒരു സുരക്ഷിത സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിച്ച സന്ദേശങ്ങള്‍ മാത്രമാണ് ഉപയോക്താക്കളിലേക്ക് ഡെലിവര്‍ ചെയ്യുക. അതേസമയം സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്. വൈറ്റ്‌ലിസ്റ്റിംഗ് എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ തട്ടിപ്പുകളില്‍ നിന്നും അനാവശ്യ സന്ദേശങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു. ഒറ്റത്തവണ പാസ്വേഡുകള്‍, പ്രമോഷണല്‍ ഓഫറുകള്‍, അക്കൗണ്ട് അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാത്തരം വാണിജ്യ സന്ദേശങ്ങളും വൈറ്റ്‌ലിസ്റ്റ് ചെയ്യപ്പെടണമെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു