ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തിൽ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈൽ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സർക്കിളിൽ ബിഎസ്എൻഎല്ലിന് ലഭിച്ചത്.
ഇക്കാലയളവിൽ നവീനമായ 4ജി ഉപകരണങ്ങൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ഹൈദരാബാദ് സർക്കിളിനായി. വീട്ടിലെ ഫൈബർ-ടു-ഹോം ഇൻറർനെറ്റ് കണക്ഷൻ ഇന്ത്യയിലെവിടെയും ഉപയോഗിക്കാൻ കഴിയുന്ന ‘സർവത്ര’ പദ്ധതിയും ഹൈദരാബാദ് സർക്കിളിൽ ബിഎസ്എൻഎൽ നടപ്പാക്കിയിട്ടുള്ളതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു
ജൂലൈ ആദ്യം റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. എന്നാൽ ബിഎസ്എൻഎൽ പഴയ നിരക്കുകളിൽ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് പുത്തൻ ഉപഭോക്താക്കളുടെ കുത്തൊഴുക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.ജൂലൈ മാസം മാത്രം 29 ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളെയാണ്
ബിഎസ്എൻഎല്ലിന് രാജ്യവ്യാപകമായി ലഭിച്ചത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം സേവനദാതാക്കൾക്കും ഉപഭോക്താക്കളെ നഷ്ടമായപ്പോൾ കേരള സർക്കിളിലും ബിഎസ്എൻഎൽ കുതിപ്പ് കാട്ടി.
മറ്റ് നെറ്റ് വർക്കുകളിൽ നിന്ന് പോർട്ട് ചെയ്തും പുതിയ സിം കാർഡ് എടുത്തും എത്തിയവരെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി ആകർഷകമായ റീച്ചാർജ് പ്ലാനുകളും ഓഫറുകളും ബിഎസ്എൻഎൽ വച്ചുനീട്ടുന്നു. ഇതിനൊപ്പം 4ജി നെറ്റ‌്വർക്ക് വ്യാപനത്തിലും ബിഎസ്എൻഎൽ ശ്രദ്ധപുലർത്തുന്നു.
ഇതിനകം 35000ത്തിലേറെ 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചതായി അടുത്തിടെ കമ്പനി സ്ഥിരീകരിച്ചിരുന്നു. 4ജി വിന്യാസം പൂർത്തിയാക്കി നെറ്റ‌് വർക്ക് വേഗം വർധിപ്പിച്ചാൽ ബിഎസ്എൻഎല്ലിന് ഏറെ മെച്ചമുണ്ടാകും എന്നാണ് കണക്കാക്കുന്നത്