തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക.പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക് കടന്നു. ആകെ 80 ലക്ഷം ടിക്കറ്റുകള്‍ വിപണിയില്‍ എത്തിച്ചതില്‍, തിങ്കളാഴ്ച നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റു പോയത്.മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.പാലക്കാട് ജില്ലയാണ് ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നാലെയുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.