ബെംഗളൂരു: ബെംഗളൂരുവിൽ കേക്ക് കഴിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഭുവനേശ്വർ നഗറിലെ കെപി അഗ്രഹാരയിൽ ബൽരാജിന്റെയും, നാഗലക്ഷ്‌മിയുടെയും മകൻ ധീരജാണ് മരിച്ചത്. സ്വിഗ്ഗി ഡെലിവറി ഏജന്റ് ആയി ജോലി ചെയ്തിരുന്ന ബൽരാജിന് തിങ്കളാഴ്ച വൈകുന്നേരം കേക്കിന്റെ ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ബേക്കറിയിൽ നിന്ന് കേക്ക് എടുക്കുമ്പോഴേക്കും ഓർഡർ ക്യാൻസലായി. തുടർന്ന് കേക്ക് ബൽരാജ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബം മുഴുവൻ അത് കഴിക്കുകയും ചെയ്‌തു.
ഇതിന് പിന്നാലെ ധീരജിനും, മാതാപിതാക്കൾക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ മൂവരെയും കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ധീരജ് മരിക്കുകയായിരുന്നു. മാതാപിതാക്കൾ ഐസിയുവിലാണ്. ഇരുവരും അപകടനില തരണം ചെയ്‌തിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
പഴകിയ ഭക്ഷണം കഴിച്ചതാണ് ബാൽരാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകടനിലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ നിന്നും ഭക്ഷണസാധനങ്ങളെല്ലാം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ ഉള്ളവരുടെയും അവരുടെ വീട്ടിൽനിന്നും ശേഖരിച്ച് ഭക്ഷണസാധനങ്ങളുടെയും പരിശോധനാ ഫലങ്ങൾ വന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളിൽനിന്നായി 12 തരം വ്യത്യസ്ത കേക്കുകളിൽ നടത്തിയ പരിശോധനയിൽ ഇവയിലെല്ലാം ക്യാൻസർ വരുത്തുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മാസംതോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിങിലാണ് കേക്കിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് കർണാടക മന്ത്രി ദിനേഷ് ഗുൺഡു റാവു പറഞ്ഞു.