ഇന്ത്യയില്‍ കാർ നിർമ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സാമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാർത്ഥ ജീവിതം, അസാമാന്യ നേതൃപാഠവം, ഇതെല്ലാമായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ ജനപ്രിയനാക്കിയത്. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എൻജിനീയറിങ് ബിരുദം. 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു പുതിയ കുതിപ്പു കണ്ടെത്തി. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്‌ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.
1991 മാര്‍ച്ചില്‍ ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്‍മടങ്ങ് വര്‍ധിച്ചു. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി. 2000-ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007-ല്‍ ടാറ്റ സ്റ്റീല്‍, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെ ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്.
2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രനത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാളു കൂടിയായിരുന്നു. ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായിയാണ് രത്തന്‍ ടാറ്റ
💐ആദരാഞ്ജലികൾ.