കൽപ്പറ്റ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് (52), ഇയാളുടെ മകൻ സൽമാൻ ഫാരിസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. കൽപ്പറ്റ ഗവണ്മെന്റ് എൽ. പി സ്‌കൂളിന് സമീപം വച്ചാണ് വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപുമായി അസീസ് കൽപ്പറ്റ പോലീസിന്റെ പിടിയിലാവുന്നത്. ഇതിനെതുടർന്ന് ഇയാളുടെ കമ്പളക്കാടുള്ള വീട്ടിൽ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് പിടിയിലാവുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി ഇവർ വിൽപ്പന നടത്തി വരികയായിരുന്നു.
ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കല്പറ്റ സബ് ഇൻസ്പെക്ടർ ടി അനീഷ്, സി പി ഓ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി. ഷറഫുദ്ദീൻ, സീനിയർ സി. പി.ഓ മാരായ സുനീഷ്, രഞ്ജിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.