ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പൻ ജയം. 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 297 റൺസടിച്ചെടുത്തു. ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി (3-0). അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണ് ഇന്ത്യ ഹൈദരാബാദിൽ സ്വന്തമാക്കിയത്.
42 പന്തിൽ നിന്ന് 63 റൺസെടുത്ത തൗഹിദ് ഹൃദോയിയും 25 പന്തിൽ നിന്ന് 45 റൺസെടുത്ത ലിട്ടൺ ദാസും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കെതിരേ പിടിച്ചുനിന്നത്. പർവേസ് ഹുസൈൻ ഇമോൻ (0), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാൻ്റോ (14), തൻസിദ് ഹസ്സൻ(15) മെഹ്ദി ഹസൻ മിറാസ് (3) എന്നിവരെല്ലാം നേരത്തെ കൂടാരം കയറി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകൾ നേടി. രവി ബിഷ്ണോയ്, മായങ്ക് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
35 പന്തിൽനിന്ന് 75 റൺ ആണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേടിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാൻ പരാഗും ഹർദിക് പാണ്ഡ്യയും തകർപ്പൻ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തിൽ നിന്ന് 34 അടിച്ചു. 18 പന്തിൽ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.