തൃശ്ശൂർ: സ്കൂളധ്യാപകർക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകാനുള്ള സംവിധാനം വരുന്നു. സർവീസ് അനുസരിച്ചായിരിക്കില്ല സ്ഥാനക്കയറ്റമെന്ന് വ്യക്തമായിട്ടുണ്ട്. യോഗ്യതനിശ്ചയിക്കാൻ പരീക്ഷയുൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പരിഗണനയിൽ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ നടപടികൾ.
മൂന്നുതലങ്ങളിലാണ് ഇനിമുതൽ സ്കൂളധ്യാപകരുണ്ടാവുക. പ്രൊഫിഷ്യന്റ് ടീച്ചർ എന്നതായിരിക്കും നിയമനത്തിന്റെ ആദ്യപടി. അഡ്വാൻസ്ഡ്, എക്സ്‌പേർട്ട് എന്നിവയാണ് അടുത്ത രണ്ടുഘട്ടങ്ങൾ. ഇവിടേക്കുള്ള നിയമനം സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം സ്കോറുകൾക്ക് പരീക്ഷ, അഭിമുഖം തുടങ്ങിയവ ഏർപ്പെടുത്തും.എത്രവർഷം കഴിയുമ്പോഴാണ് ഓരോഘട്ടത്തിലേക്കും അപേക്ഷിക്കാൻ യോഗ്യതയെന്നത് തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാരിനു കീഴിലുള്ള 75 സ്കൂളുകളിൽ മാതൃകാപദ്ധതിയായി ഇത് നടപ്പാക്കിയിട്ടുമുണ്ട്.
അധ്യാപകരെ ആർജിതകഴിവുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. നിയമിക്കപ്പെടുന്ന അതേതസ്തികയിൽ വിരമിക്കുന്നസ്ഥിതിയും ഇതോടെ അവസാനിക്കും.നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്‌സ് എന്ന പദ്ധതിയുടെ നടപടികൾ 2021 മുതൽ തുടങ്ങിയതാണ്. നാലുരാജ്യങ്ങളിലെ മികച്ച മാതൃകകൾകൂടി പരിഗണിച്ചുണ്ടാക്കിയ ചട്ടക്കൂട് 2023-ൽ പ്രസിദ്ധീകരിച്ചു. പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള കൂടിയാലോചനകളാണിപ്പോൾ. സർവശിക്ഷാ ഫണ്ട് ഉൾപ്പെടെയുള്ളവ ഇതിന്റെകൂടി അടിസ്ഥാനത്തിലാകും ഭാവിയിൽ അനുവദിക്കുകയെന്നാണ് അറിയുന്നത്.