50,000 രൂപയില്‍ കൂടുതലുള്ള പണം, ആഭരണങ്ങള്‍ കൈവശമുണ്ടേല്‍ മതിയായ രേഖകള്‍ വേണം; ഫ്ളെയിംഗ് സ്‌ക്വാഡ് പരിശോധന ശക്തം

കല്‍പ്പറ്റ:ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും.

വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ കര്‍ശന പരിശോധനകള്‍ നടത്തും. 50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ സംബന്ധിച്ച്‌ മതിയായ രേഖകള്‍ യാത്രക്കാര്‍ കൈവശം കരുതണം. പരിശോധനയില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കിയരുന്നു. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്. സ്ഥാനാർഥികള്‍ക്ക് 2024 ഒക്ടോബർ 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 2024 നവംബർ 13നും വോട്ടെണ്ണല്‍ നവംബർ 23നുമായിരിക്കുമെന്ന് സർക്കുലറില്‍ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം 2024 ഒക്ടോബർ 15 മുതല്‍ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *